പേരാവൂർ (കണ്ണൂർ) : ശസ്ത്രക്രിയയ്ക്കായി ബോധംകെടുത്താൻ ഡോക്ടർ ഇല്ലാതായതോടെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ മുൻ മണ്ഡലത്തിലെ താലൂക്കാശുപത്രിയിൽ പ്രസവ ചികിത്സയും സർജറിയും മുടങ്ങുന്നു. പ്രശസ്തമായ പേരാവൂർ താലൂക്ക് ആശുപത്രിയിൽ അനസ്തെറ്റിസ്റ്റ് തസ്തിക പോലും ഇല്ല സർക്കാർ നാളിതുവരെ അനുവദിച്ചിട്ടില്ല എന്ന് പ്രമുഖ മലയാള പത്രത്തിൽ വാർത്ത പുറത്തു വന്നതോടെ മലയോരത്ത് പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി സിപിഎം ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് പേരാവൂർ താലൂക്കാശുപത്രിയുള്ളത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കെ.കെ.ശൈലജ ആരോഗ്യ മന്ത്രി ആയിരുന്നിട്ട് പോലും തൻ്റെ മുൻ മണ്ഡലമായിരുന്ന പേരാവൂരിലെ താലൂക്കാശുപത്രിയിൽ അനസ്തെറ്റിസ്റ്റിനെ മുടക്കം കൂടാതെ നിയമിക്കാൻ ശ്രമിച്ചില്ല.
വർക്ക് അറേഞ്ച്മെൻറുകളിലൂടെ നിയമിച്ചും മാറ്റിയും മാറിയും തട്ടിമുട്ടി പോകുക എന്നതല്ലാതെഅനസ്തെറ്റിസ്റ്റ് ൻ്റെ ഒരു തസ്തിക പോലും സൃഷ്ടിക്കാൻ ഭരണകക്ഷി ശ്രമിച്ചില്ല. ഒടുവിൽ ഉണ്ടായിരുന്ന അനസ്തെറ്റിസ്റ്റ് സ്ഥലം മാറിപ്പോയതോടെ ഗൈനക്കോളജി വിഭാഗത്തിൽ സർജറി നടത്താൻ കഴിയാതായിരിക്കുന്നു.
അനസ്തെറ്റിസ്‌റ്റ് പോയതോടെ ഗൈനക്കോളജി വിഭാഗം പ്രതിസന്ധിയിലായി എന്നതാണ് വാസ്തവം. വാർത്ത പുറത്തുവന്നതോടെ സംഭവത്തിൽ പ്രതിഷേധമുയരുകയും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്
ഭരണ സമിതി യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വരികയും ചെയ്തു. ഭരണ നേതൃത്വം സാങ്കേതികതകളെ കൂട്ടുപിടിച്ചതോടെ ഭരണ സമിതിയിലെ കോൺഗ്രസ് അംഗങ്ങളായ ബൈജു വർഗീസ്, ഇന്ദിര ശ്രീധരൻ, പാൽ ഗോപാലൻ എന്നിവർ യോഗത്തിൽ ഉന്നയിക്കുകയും തുടർന്ന് പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്‌തു. പ്രസവത്തിനായി പേരാവൂരിൽ എത്തുന്നവരെ ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിലേക്കും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും അയയ്ക്കുകയാണ് ചെയ്യുന്നത്. പേരാവൂർ മണ്ഡലത്തിൽ തന്നെയുള്ള ഇരിട്ടി താലൂക്ക് ആശുപത്രിയിലും സ്ഥിതി ഇതുതന്നെയാണ്. രണ്ട് ആശുപത്രികളിലും അനസ്തെറ്റിസ്‌റ്റ് തസ്‌തിക അനുവദിക്കണം എന്ന് നിരവധി തവണ സണ്ണി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് ഒന്നുമറിയാത്ത മട്ടിൽ ഉരുണ്ടു കളിക്കുകയാണ്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകൾക്ക് പുറമെ ആറളം ഫാമിലും ആദിവാസി സെറ്റിൽമെൻ്റ് പ്രദേശത്തും ഉള്ള സാധാരണക്കാർ ആശ്രയിക്കുന്ന ഗർഭകാല ചികിത്സകൾക്കും കേന്ദ്രമാണ് പേരാവൂർ താലൂക്ക് ആശുപത്രി. ബഹു ഭൂരിപക്ഷവും പാവപ്പെട്ടവരും ആദിവാസികളും സാധാരണക്കാരും ഏറെ ആശ്രയിക്കുന്ന ആശുപത്രിയാണിത്. 1968ൽ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ബി.വെല്ലിംഗ്ടൺ ആരോഗ്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ ആണ് കുടിയേറ്റ സിരാ കേന്ദ്രമായ പേരാവൂരിൽ 10 കിടക്കകളോടെ സർക്കാർ ആശുപത്രി അനുവദിച്ചത്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിൻ്റെ സ്മരണക്കായി നെഹ്റു സ്മാരക സർക്കാർ ആശുപത്രി എന്ന് നാമകരണം ചെയ്ത് സ്ഥാപിച്ച ഈ ആശുപത്രി അഞ്ചര പതിറ്റാണ്ടു കൊണ്ട് താലൂക്ക് ആശുപത്രിയായി ഉയർത്തപ്പെട്ടു. പക്ഷെ അനസ്തെറ്റിസ്റ്റ് തസ്തിക സൃഷ്ടിക്കാൻ പോലും ഭരണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചിട്ടില്ല. സണ്ണി ജോസഫ് എംഎൽഎ നിരന്തരം ആവശ്യം ഉന്നയിക്കുമ്പോഴും പിണറായി സർക്കാർ അനുകൂലമായി പ്രതികരിക്കാതിരുന്നതിനാൽ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഉദ്യോഗസ്ഥരെ പഴി പറയുകയല്ലാതെ മറ്റ് പോംവഴികൾ ഇല്ലാത്ത സ്ഥിതിയിലാണ് ഭരണനേതൃത്വം.
Where do poor people go to give birth?